ശാലിനി

Thursday, August 30, 2007

അമ്മയെ ആരുനോക്കും?

കുറേ നാളുകള്‍ക്കുശേഷം ഇന്നെന്റെ ബ്ലോഗില്‍ വന്ന് കഴിഞ്ഞ പോസ്റ്റിലെ കമന്റുകള്‍ വായിച്ചു. എല്ലാവര്‍ക്കും നന്ദി. പങ്കാളിയോടുള്ള സ്നേഹമാണ് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം വിഷയങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. പങ്കാളികളിലൊരാള്‍ മരിച്ചു കഴിയുമ്പോള്‍ മറ്റേയാള്‍ക്ക് ജീവിതം പിന്നേയും മുന്നില്‍ കിടക്കുകയാണ്. ശേഷിക്കുന്നയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും ചുറ്റുമുള്ളവരുടെ ഒരു ആകാംഷയാണ്. വീണ്ടും ഒരു കുടുംബം പടുതുയര്‍ത്തിയാലും, അവിടെ എന്തെങ്കിലും പൊട്ടിതെറികളുണ്ടോ എന്നറിയാണ് മറ്റുള്ളവരുടെ ശ്രമം. മറ്റുള്ളവരെ ബോധിപ്പിച്ചിട്ട് നമുക്ക് ജീവിക്കാനാവില്ലല്ലോ. തീരുമാനങ്ങള്‍ നമ്മുടെതന്നെയാവുമ്പോള്‍ അതിന്റെ ചീത്തവശങ്ങളേക്കാള്‍ നല്ല വശങ്ങാള്‍ കാണാനാവും നമ്മള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു. പുനര്‍വിവാഹവും അങ്ങനെതന്നെ, അത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാവട്ടെ. മരിച്ചുപോയ പങ്കാളിയോടുള്ള സ്നേഹകുറവോ ആത്മാര്‍ത്ഥകുറവോ അല്ല അതിനു കാരണം എന്നറിയുക.

ഇവിടെ വേറൊരു സംഭാഷണത്തെ എഴുതിവയ്ക്കാന്‍ ശ്രമിക്കുന്നു.

------------

എന്തായി പോയിട്ട്? വിസ കിട്ടിയോ?



ഇല്ല, ടാക്സിക്കാര്‍ക്കും ആപ്ലിക്കേഷനുമൊക്കെയായി പിന്നേയും കുറച്ചു കാശ് പോയി. ഇനി അല്പം കൈക്കൂലി കൊടുത്തു നോക്കാം എന്ന് ചേട്ടന്‍ പറയുന്നു. അവരുടെ ഓഫീസിലെ മന്ദൂപിന് കുറച്ച് കാശ് കൊടുത്താല്‍ അയാള്‍ ശരിയാക്കി തരാമെന്ന് പറഞ്ഞു.



------------



എന്തായി, വിസ ഇതുവരെ കിട്ടിയില്ലേ?



ഓ അയാള്‍ ആ കാശുംകൊണ്ട് മുങ്ങി. ഇല്ലാത്ത കാശ് കടം വാങ്ങി കൊടുത്തതാണ്. ഇപ്പോള്‍ വിസയുമില്ല, കാശുമില്ല. ചോദിക്കുമ്പോള്‍ അയാള്‍ പറയുന്നത്, നാളെ നാളെ എന്നാണ്. അവസാനം ഭീഷണിപ്പെടുത്തിയപ്പോള്‍ പറയുന്നു, “ഇവിടുത്തെ ഒരു പ്രമുഖന്റെ സെക്രട്ടറി വഴിയാണ് ശ്രമിച്ചത്, അവന്‍ ആ പൈസ തിരിച്ചു തരുന്നില്ല. നീ എനിക്കു പൈസ തന്നതിനും ഞാന്‍ അവനു കൊടുത്തതിനും രേഖകളോന്നും ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ” എന്ന്. അങ്ങനെ ആ കാശും പോയികിട്ടി.



നീയെന്തിനാ ഇത്രയും ബുദ്ധിമുട്ടുന്നത്, അമ്മ ഇപ്പോള്‍ ചേച്ചിയുടെകൂടെയല്ലേ? മാസം ചിലവിനുള്ളത് നീ അയച്ചും കൊടുക്കുന്നുണ്ടല്ലോ?



ഞാന്‍ പറഞ്ഞിട്ടില്ലേ, ഞങ്ങള്‍ മൂന്ന് പെണ്മക്കളാണ്. വിദ്യഭ്യാസമാണ് ഏറ്റവും വലിയ സമ്പത്തെന്ന് വിശ്വസിച്ചിരുന്ന എന്റെ അച്ഛന്‍, അച്ഛന്റെ വാക്കിനപ്പുറം ഒരു ലോകമില്ലാത്ത അമ്മ, ഞങ്ങളെ മൂന്നുപേരേയും പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ചപ്പോഴേക്കും ഉണ്ടായിരുന്ന സ്ഥലവും വീടും വില്‍ക്കേണ്ടിവന്നു. പിന്നെ വാടക വീട്ടിലായിരുന്നു താമസം. വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ജോലിയൊന്നും കിട്ടിയില്ല ഞങ്ങള്‍ക്കാര്‍ക്കും. അച്ഛന്‍ മരിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഒരു കുടുംബം ഇല്ലാതാവുകയായിരുന്നു.



അപ്പോള്‍ അമ്മ?



അമ്മയ്ക്കു തനിയെ താമസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുകണ്ട്, ഇളയമകളുടെകൂടെ താമസിക്കാം എന്നു പറഞ്ഞ് വാടകവീടൊഴിഞ്ഞു. കുറച്ചു നാളത്തേക്ക് കുഴപ്പമില്ലായിരുന്നു. എന്തിനും ഏതിനും കണക്കുപുസ്തകം സൂക്ഷിക്കുന്ന അനിയത്തിയുടെ ഭര്‍ത്താവ് അമ്മ അവരുടെ കൂടെ കഴിയുന്നത് ലാഭമുള്ള കാര്യമല്ലെന്ന് പെട്ടെന്ന് കണ്ടുപിടിച്ചു.



നിങ്ങള്‍ പൈസ അയച്ചു കൊടുക്കുന്നില്ലേ?



നിനക്കറിയാമല്ലോ എന്റെ ഇവിടുത്തെ ശമ്പളം, ചേട്ടനും അത്രയൊക്കെ തന്നെയുള്ളൂ. കിട്ടുന്നതില്‍ പകുതി വാടക കൊടുത്തു തീര്‍ക്കും, പിന്നെ സ്ക്കൂള്‍ ഫീസ്, ബേബി സിറ്റിംഗ്, മറ്റു ചിലവുകള്‍ ഇതൊക്കെ കഴിയുമ്പോള്‍ എല്ലാ മാസവും കൈ ശൂന്യമാണ്. ഞങ്ങള്‍ അയച്ചുകൊടുക്കുന്ന രൂപ പോരാ എന്നാണ് അവന്‍ പറയുന്നത്. അവര്‍ പ്രതീക്ഷിക്കുന്ന വലിയ തുകയൊന്നും കൊടുക്കാനുള്ള വരുമാനം ഞങ്ങള്‍ക്കില്ല. 4 വര്‍ഷമായി വന്നിട്ട്, ഇതുവരെ നാട്ടില്‍ ഒന്നു പോകാന്‍ പറ്റിയിട്ടില്ല. രൂപ ചെല്ലാന്‍ ഒരു ദിവസം താമസിച്ചാല്‍ പിന്നെ അമ്മയ്ക്കും അനിയത്തിക്കും സ്വൈര്യം കൊടുക്കില്ല അവന്‍.



അങ്ങനെയാണ് ചേച്ചിയുടെ അടുത്തേക്ക് അമ്മ പോയത്. അവിടേയും വലിയ കുഴപ്പമില്ലാതെ പോകുമ്പോഴാണ് അനിയത്തിയും ഭര്‍ത്താവും ചേച്ചിയുടെ വീട്ടില്‍ ചെന്നത്, അന്ന് ആണുങ്ങള്‍ രണ്ടുപേരുംകൂടി ബാര്‍ സന്ദര്‍ശിച്ചിട്ട് വന്നശേഷം ചേട്ടന്റേയും വിധം മാറി. ഇപ്പോള്‍ എത്രയും പെട്ടെന്ന് അമ്മയെ അവിടെനിന്ന് മാറ്റണം, വേറെയൊരിടത്തും പറ്റില്ല എങ്കില്‍ വല്ല വ്യദ്ധസദനത്തിലും ആക്കാനാണ് അവര്‍ പറയുന്നത്. ചേച്ചിയുടേയും അനിയത്തിയുടേയും കണ്ണുനീര്‍ കണ്ട് മടുത്ത അമ്മയും ഇപ്പോള്‍ അതുതന്നെയാണ് പറയുന്നത്. എനിക്കത് ചിന്തിക്കാന്‍ കൂടിവയ്യ.



അങ്ങനെയാണ് ഇവിടേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കാന്‍ തുടങ്ങിയത്. ഇവിടുത്തെ നിയമം അനുസരിച്ച് ശമ്പള പരിധി നിശ്ചയിച്ചിട്ടുണ്ട് മാതാപിതാക്കള്‍ക്കുള്ള ഫാമിലി വിസയ്ക്ക്. അതിന്റെ പകുതിപൊലും ശമ്പളം എനിക്കില്ല. രണ്ടുപേരുടേയും കൂടി ഒരുമിച്ച് ചേര്‍ത്ത് കൊടുത്തിട്ട് അവര്‍ റിജക്ട് ചെയ്തു. നിയമമൊക്കെ ഒരു വശത്ത്, മാതാപിതാക്കള്‍ക്കുള്ള വിസയ്ക്ക് അങ്ങനെ നിയമമൊന്നും ഇല്ല, അവിടെ ഇരിക്കുന്ന മേധാവിക്ക് തോന്നിയാല്‍ തന്നു അത്രേയുള്ളൂ എന്നാണ് പറയുന്നത്. ഇപ്പോള്‍ എത്ര തവണ പോയി ഇതിനുവേണ്ടിയെന്ന് ദൈവത്തിനുമാത്രമേ അറിയൂ.



ഞാന്‍ കൊട്ണുവന്നോളാം എന്ന് പറഞ്ഞ് അടക്കി നിര്‍ത്തിയിരിക്കുകയാണ് ചേട്ടനെ. താമസിക്കുംതോറും അവിടെ പ്രശ്നങ്ങള്‍ വഷളാകുകയാണ്. ഇനിയെന്തുചെയ്യണമെന്ന് എനിക്കറിയില്ല.



നീ വിഷമിക്കാതെ, എന്തെങ്കിലും വഴി ഈശ്വരന്‍ കാണിച്ചുതരും.



എനിക്ക് ഈശ്വരവിശ്വാസം പോലും നഷ്ടപ്പെടുമോ എന്നു തോന്നുന്നു. എന്താണ് ഈശ്വരന്‍ എനിക്കൊരു ആങ്ങളയെ തരാതിരുന്നത്. ഒരു സഹോദരനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അമ്മയിങ്ങനെ വിഷമിക്കേണ്ടി വരുമായിരുന്നോ?



നീയെന്താ ഈ പറയുന്നത്, ആണ്മക്കളുണ്ടായിരുന്നെങ്കില്‍ എല്ലാം നന്നായിരുന്നേനേ എന്നണോ? അഞ്ചാണ്‍മക്കളുണ്ടായിട്ടും ഒരേ ഒരു മകളുടെകൂടെ അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുത്തുവാക്കുകളും കേട്ടു കഴിയുന്ന ഒരമ്മയെ എനിക്കറിയാം. ദോഷം പറയരുതല്ലോ, അഞ്ചുപേരില്‍ നാലുപേരും വിദേശത്താണ്, നാട്ടിലുള്ള മകന്റെ ഭാര്യയ്ക്ക് അമ്മയെ കൂടെതാമസിപ്പിക്കുന്നത് ഇഷ്ടവുമല്ല.



ഇടയ്ക്കൊക്കെ ഞാനോര്‍ക്കും എന്തിനാണ് എന്റെ അച്ഛന്‍ ഞങ്ങള്‍ പഠിപ്പിച്ചത്. നാട്ടിലുള്ള രണ്ടു സഹോദരിമാരും ജോലിക്കു പോകുന്നില്ല. ചേച്ചി പറയുന്നത് പത്രം പോലും വായിച്ചിട്ട് നാളുകളായെന്നാണ്. അക്ഷരങ്ങള്‍ മറന്നുപോയോ എന്നാണ് സംശയം. നാട്ടിലെ ലൈബ്രറിയിലെ ബുക്കുകള്‍ മക്കള്‍ക്കുവേണ്ടി ചുമന്നോണ്ടു വന്നിരുന്ന അച്ഛന്‍. പെണ്മക്കളെന്ന ഒരു ചേരിതിരിവും കാണിക്കാതെ വളര്‍ത്തി, ഒരിക്കലും ഞങ്ങള്‍ ഒരുഭാരമെന്ന് തോന്നലുണ്ടാവാന്‍ സമ്മതിച്ചിട്ടില്ല. അഭിമാനത്തോടെയാണ് ഞങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഒരളെയെങ്കിലും നേഴ്സിങ്ങിനു വിടാന്‍ പറഞ്ഞവരോട് , ജോലിക്കുവേണ്ടിയല്ല എന്റെ മക്കളെ പഠിപ്പിക്കുന്നത്, അറിവിനുവേണ്ടിയാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. ഇന്ന് ഞങ്ങളാരും ഒരിടത്തുമെത്തിയില്ല, ഞങ്ങളെ പഠിപ്പിച്ച് വിവാഹം കഴിച്ചയപ്പിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇന്നെന്റെ അമ്മയ്ക്ക് സുഖമായി ജീവിക്കാമായിരുന്നു. എന്റെ അച്ഛന്‍ വാടകവീട്ടില്‍ കിടന്നു മരിക്കേണ്ടി വരില്ലായിരുന്നു. വിദ്യാഭ്യാസം കൂടുംതോറും സ്ത്രീധനവും കൂടുതല്‍ വേണം. വിദ്യാഭ്യാസം മാത്രം മതിയോ വയറുനിറയാന്‍ എന്നാണ് അനിയന്‍ ചോദിക്കുന്നത്. പിന്നെ മക്കളുടെ ട്യൂഷന്‍ ഇനത്തില്‍ ലാഭിക്കാമെന്നാണ് അവന്റെ കണക്കുകൂട്ടല്‍.



അപ്പോള്‍ അമ്മ ഇവിടെ വന്നാലോ?



ചേട്ടന് അമ്മയെ വല്യ ഇഷ്ടമാണ്. പിന്നെ കുഞ്ഞുങ്ങള്‍ പ്രായമായവരോടൊത്തു വളരണമെന്നും അദ്ദേഹത്തിനുണ്ട്. ഞങ്ങളുടെ ലോകത്തിനപ്പുറമുള്ള ഒരു ലോകം മുത്തശ്ശിമാരിലൂടെ കുഞ്ഞുങ്ങള്‍ അറിയട്ടെ എന്ന് പറയും. അമ്മയുട്ണെങ്കില്‍ എനിക്കും ആശ്വാസമായിരുന്നു. ജോലി കഴിഞ്ഞുചെല്ലുമ്പോള്‍ ശൂന്യമായ ഫ്ലാറ്റിലേക്ക് കയറേണ്ടല്ലോ എന്ന സ്വാര്‍ത്ഥതയുണ്ടതില്‍.



നീ വിഷമിക്കേണ്ടാ, എല്ലാം ശരിയാകും. സകലതും അറിയുന്ന ദൈവം തന്നെ ഒരു വഴികാണിച്ചു തരും.



നാളെ അമ്മയെവിളിക്കുമ്പോള്‍ എന്തുപറയണം എന്നറിയില്ല. കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞത് “ നീയിനി വിസയ്ക്ക് ശ്രമിക്കേണ്ട, എന്നെ എത്രയും നേരത്തേ അങ്ങുവിളിക്കണേ എന്ന് ഈശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്” എന്നാണ്.

(എഴുതി തീര്‍ത്ത് നേരേ പോസ്റ്റുകയാണ്. വീണ്ടും വായിച്ചുനോക്കിയാല്‍ ഡിലീറ്റ് ചെയ്തുകളയും എന്ന മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇത് വീണ്ടും വായിക്കുന്നില്ല).

15 Comments:

At 8:49 PM, August 30, 2007, Blogger സഹയാത്രികന്‍ said...

തേങ്ങ ഉടച്ച് തന്നെ തുടങ്ങാം.... ഠേ...!

അമ്മയെ കൊണ്ട് വരണം, കൂടെ താമസിപ്പിക്കണം ഇതെല്ലാം എല്ലാരുടെയും ആഗ്രഹങ്ങള്‍ തന്നെ... പക്ഷെ താങ്കള്‍ പറഞ്ഞപോലെ...ഇവിടുത്തെ ശമ്പളം, ചിലവ്, നിയമങ്ങള്‍.... എല്ലാം ഒരു പരുധി വരെ അതിനു തടസ്സാകണുണ്ട്.
എന്തായാലും ആ സുഹൃത്തിനു തന്റെ അമ്മയെ എത്രയും പെട്ടന്ന് കൂട്ടികൊണ്ട് വരാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.അവരുടെ ഭര്‍ത്താവ് മറ്റുള്ള പെണ്മക്കളുടെ ഭര്‍ത്താക്കന്മാരെ പോലല്ല എന്നത് തന്നെ വലിയോരാശ്വാസം.

ആ അമ്മ, അവരുടെ വിഷമം അത് ഊഹിക്കാന്‍ തന്നെ പറ്റണില്ല.“ നീയിനി വിസയ്ക്ക് ശ്രമിക്കേണ്ട, എന്നെ എത്രയും നേരത്തേ അങ്ങുവിളിക്കണേ എന്ന് ഈശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്”

 
At 9:39 PM, August 30, 2007, Anonymous Anonymous said...

വായിച്ചപ്പോള്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തു.

ശാലിനി എഴുതുന്നതൊക്കെ എനിക്കിഷ്ടമാണ്.

 
At 2:27 AM, August 31, 2007, Blogger SHAN ALPY said...

മാത്രു മാഹാത്മ്യം
ഗംഭീരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍

 
At 5:33 AM, August 31, 2007, Blogger പ്രിയംവദ-priyamvada said...

നല്ല കാര്യം ചെയ്യാനല്ലെ ശ്രമിക്കുന്നതു?
എല്ലാം ശുഭമാകും എന്നു പ്രതീക്ഷിക്കാം..

 
At 10:09 AM, August 31, 2007, Blogger SUNISH THOMAS said...

അമ്മ-നന്‍മ
നന്നായിരിക്കുന്നു!

 
At 10:44 AM, August 31, 2007, Blogger Murali K Menon said...

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്നല്ലേ... മനസ്സാണു പ്രധാനം. Alternative ഇല്ലാത്ത കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയുകയാണു പ്രധാനം. ഒടുവില്‍ അമ്മ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അതു ചെയ്യാമായിരുന്നു എന്ന തോന്നലില്‍ നീറുന്ന പലരേയും ഞാന്‍ കണ്ടീട്ടുണ്ട്. പണമുണ്ടായിട്ടല്ല ആളുകള്‍ വിവാഹം കഴിക്കുന്നതും, കുടുംബമാവുന്നതും, കുട്ടികളുണ്ടാവുന്നതും. അപ്പോള്‍ ഇല്ലാത്ത ഒരു പ്ലാന്‍ അമ്മയുടെ കാര്യം വരുമ്പോള്‍ മാത്രം ഉണ്ടാവുന്ന ഇടങ്ങള്‍ പിന്നീട് പശ്ചാത്താപത്താല്‍ നീറുന്ന മനസ്സിനുടമകളായ് തീരും.

 
At 11:29 AM, August 31, 2007, Blogger സഹയാത്രികന്‍ said...

മുരളിയേട്ടാ...

പണത്തേക്കാളേറെ പ്രശ്നങ്ങള്‍ ഇവിടുത്തെ നിയമങ്ങളാണു... അമ്മയെ കൂടെ താമസിപ്പിക്കണമെങ്കില്‍ (അമ്മയ്ക്ക് മാത്രല്ല തന്റെ പേരില്‍ ഒരു വിസ എടുക്കണമെങ്കില്‍ അതാര്‍ക്കായാലും) നിനക്ക് ഇത്ര ശമ്പളം വേണമെന്നാണു ഇവിടെ... അത് പലര്‍ക്കും ഇല്ല എന്നതാണു സത്യം. (ഒരു പ്രവാസിയായ അങ്ങേക്ക് ഇതാറിയാമെന്നു കരുതുന്നു. അവിടുത്തെ നിയമങ്ങള്‍ ഒരു പക്ഷെ അയവുണ്ടാകുമായിരിക്കും)

ആരും അമ്മയെ വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കണില്ല എന്നതാണു സത്യം (വ്യക്തിപരമായ അഭിപ്രായവും ആവാം)

 
At 1:54 PM, August 31, 2007, Blogger ഡാലി said...

അമ്മയെ മനസ്സിലാക്കാന്‍ മകള്‍ക്ക് കഴിയുന്നുണ്ടല്ലോ. ആ അമ്മ മനസ്സും മകള്‍ മനസ്സും നനമയുടെതല്ലെ, ശുഭമായി വരാതിരിക്കില്ല കാര്യങ്ങള്‍.

 
At 3:38 PM, August 31, 2007, Blogger മയൂര said...

പ്രവാസികളില്‍ ചിലരെങ്കിലും ഇതെ മാനസികാവസ്ഥയില്‍ കൂടെ കടന്ന് പോയിട്ടുണ്ടാവും. ഹൃദയസ്‌പര്‍ശിയായി എഴുത്തിയിരിക്കുന്നു..എല്ലാം ശുഭപര്യവസായി ആവട്ടെ.

 
At 9:13 PM, August 31, 2007, Blogger വേണു venu said...

നീറുന്ന മനസ്സിന്‍റെ വിങ്ങലുകള്‍‍ മനസ്സിലാകുന്നു.ശുഭപര്യവസാനിയാകുമെന്നു് ആത്മാര്‍ഥമായി പ്രതീക്ഷിക്കാം.

 
At 8:41 AM, September 01, 2007, Blogger Vanaja said...

എന്തിനു മരുമക്കളെ പറയുന്നു...
സ്വന്തം മാതാപിതാക്കളോട് “നിങള്‍ മരിച്ചു കഴിഞാലെ എനിക്ക് സ്വതന്ത്രമായി ജീവിക്കാന്‍ പറ്റൂ“ എന്നു പറഞ്ഞ ഒരു ‘മുത്തശ്ശി‘യായ മകളെ (അതും ഒറ്റ മകള്‍) എനിക്കറിയാം..

ലോകം വളരെ വിചിത്രമാണ്‍..അതില്‍ താമസിക്കുന്ന മനുഷ്യരാവട്ടെ അതിലേറെ വിചിത്ര സ്വഭാവികളും.

ഐന്‍സ്റ്റീന്‍ തന്നെ ഇങനെ പറഞിട്ടുണ്ട്..
“Only two things are infinite, the universe and human stupidity, and I'm not sure about the former“

 
At 6:37 AM, September 02, 2007, Blogger കരീം മാഷ്‌ said...

സാബി ഫോണില്‍ മുത്തുമ്മാനോട്:-
മുത്തുമ്മാ ഞാന്‍ എന്താ കൊടുത്തുവിടേണ്ടത്?
മുത്തുമ്മ:-
എനിക്കു നിന്റെ രണ്ടു കുട്ടികളെ തരുമോ?
സാബി:- (മൌനം)

(അന്നു വൈകുന്നേരം ഞാന്‍ ഓഫീസ് വിട്ടു വന്നപ്പോള്‍)

സാബി:- എനിക്കും കുട്ടികള്‍ക്കും വിമാനടിക്കറ്റു എന്നാ ഏറ്റവും അടുത്ത തിയതിയില്‍ എന്നു ട്രാവത്സില്‍ ചോദിച്ചറിയുക. ഞങ്ങള്‍ നാട്ടില്‍ സെറ്റിലാവുന്നു.
രണ്ടു മാസമായും ഞാന്‍ നിര്‍ബന്ധിച്ചിട്ടും നാട്ടില്‍ പോകാന്‍ കൂട്ടാക്കാത്തവള്‍ക്കിതെന്തു പറ്റിയെന്നു നിനച്ചു ഞാന്‍ അത്ഭുതത്തോടെ ട്രാവത്സിലേക്കു ഡയല്‍ ചെയ്തു.

 
At 7:37 AM, September 04, 2007, Blogger തറവാടി said...

ശാലിനി ,
അറിയുന്നതു തന്നെ ,നന്നായി എഴുതിയിരിക്കുന്നു.

ഓ.ടൊ:

മാനുഷികപരിഗണന എന്ന ഒന്നുണ്ട്‌ , കുറച്ചു സീനിയറായ ഒരോഫീസറുടെ അടുത്ത്‌
( ശ്രമകരമാണ്‌) ,
ശരിക്കുള്ളതു വിവരിക്കാന്‍ സാധിച്ചാല്‍ ഒരു പക്ഷെ സ്വീകരിക്കും എന്നെനിക്കൊരു അഭിപ്രായമുണ്ട്‌ ,

ആരുടെയും സ്വാധീനമില്ലാതെ നേരില്‍ സമീപിക്കാന്‍ നോക്കൂ.

 
At 2:54 PM, September 26, 2007, Blogger നാടന്‍ said...

ഇപ്പോള്‍ ആ അമ്മ എവിടെയാണ്‌ ശാലിനീ ...

 
At 1:04 PM, July 01, 2010, Blogger Sulfikar Manalvayal said...

കുറെ കാലത്തിനു ശേഷമാണു വായിക്കുന്നതെങ്കിലും, ആ ശൈലിയും എഴുത്തും എനിക്കിഷ്ടപ്പെട്ടു.
ആദ്യായിട്ട ഇവിടെ, അതെ പോലെ ആദ്യായിട്ട ഇങ്ങിനെ ഒരു ശൈലിയും കാണുന്നത്.
എന്നിട്ടെന്തു പറ്റി, ഇപ്പോള്‍ "വനവാസത്തിലാണോ"?

 

Post a Comment

<< Home