ശാലിനി

Sunday, June 08, 2008

Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം

Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം
Joining hands with injipennu against the black world of kerals.com.



other blogs joined in the protest

Raj Neetiyath

One Swallow

Vellezhuthth

Labels:

Tuesday, September 04, 2007

ഫാമിലി വിസ

കഴിഞ്ഞ പോസ്റ്റ്വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കു നന്ദി.

ഇവിടെ നിയമങ്ങള്‍ കുറച്ചുകൂടി ക്രൂരമാണ്. കഴിഞ്ഞ കുറേ മാസങ്ങള്‍ മാതാപിതാക്കള്‍ക്ക് വിസിറ്റ് വിസ പോലും കിട്ടില്ലായിരുന്നു. ഇപ്പോള്‍ വിസിറ്റ് വിസയുടെ നിയമങ്ങള്‍ ഉദാരമാക്കി, പിന്നെ മൂന്നുമാസം കാലാവധിയുമുണ്ട്. എന്നാല്‍ ഫാമിലി വിസ ഇപ്പോഴും പഴയതുപോലെ തന്നെ.

ഫാമിലിവിസ കിട്ടെണമെങ്കില്‍ മിനിമം സാലറിയായി അവര്‍ നിശ്ചയിച്ചിരിക്കുന്ന തുക നമ്മുടെ സാലറിപേപ്പറില്‍ വേണം. പിരിഞ്ഞുപോകുമ്പോള്‍ അതിനെ ബേസ്ചെയ്താണ് സെറ്റില്‍മെന്റ് കൊടുക്കേണ്ടത് എന്നതുകൊണ്ട്, മിക്കവാറും പ്രൈവറ്റ് കമ്പനികള്‍ ശമ്പളത്തെ ബേസിക് + വാടക+ യാത്രാചിലവ് + ...+ ... ഇങ്ങനെയാണ് എഴുതുന്നത്. അങ്ങനെവരുമ്പോള്‍ സാലറിപേപ്പര്‍ എന്ന ഇസ്നാമലില്‍ ഏറ്റവും ബേസിക് ആയ സാലറിയേ കാണിക്കൂ. കമ്പനിയില്‍ നിന്നു തരുന്ന സാലറി സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ പോരാ, അവര്‍ നിശ്ചയിച്ചിരിക്കുന്ന തുക ഇസ്നാമലില്‍ വേണം. മിക്കവാറും പ്രൈവറ്റ് കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് അസാദ്ധ്യമാണ്.

ഞങ്ങള്‍ക്കറിയാവുന്ന ഒരു കുടുംബം. രണ്ടുപേരും ഇവിടെ ജോലിചെയ്യുന്നു. ആദ്യത്തെ പ്രസവം - നാട്ടില്‍ നിന്നു അമ്മയ്ക്ക് വരാന്‍ പറ്റുന്ന സാഹചര്യമല്ല എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഭാര്യയുടെ പ്രസവം നാട്ടിലായിരുന്നു. ഇപ്പോള്‍ കുഞ്ഞിന് ഒന്നര വയസ്സായി. ഇതുവരെ വിസ കിട്ടിയിട്ടില്ല. കാരണം പറയുന്നത് അപ്പന്റെ സാലറിപേപ്പറിലെ തുക കുറവാണെന്നാണ്. പെണ്ണുങ്ങളുടെ പേരില്‍ വിസ അടിയ്ക്കാന്‍ പറ്റില്ല. രണ്ടുപേരുടേയുംകൂടി ഒരുമിച്ച് ചേര്‍ത്ത് കൊടുത്തിട്ടും തള്ളികളഞ്ഞു. പിന്നെ ചെയ്യാവുന്ന ഒരു കാര്യം ജോലി കളഞ്ഞ് നാട്ടില്‍ പോവുക എന്നതാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നുമില്ല.

പിന്നെ എന്റെ കൂട്ടുകാരി - അമ്മയെ നോക്കാന്‍ വേണ്ടി അവള്‍ക്ക് നാട്ടില്‍ പോകാന്‍ പറ്റില്ല. അവര്‍ക്ക് നാട്ടില്‍ സ്വന്തമായി ഒരു വീടുപോലുമായിട്ടില്ല. അവളും കുഞ്ഞുങ്ങളും കൂടി നാട്ടില്‍ പോയി അമ്മയുമൊത്ത് വാടക വീട്ടില്‍ താമസിക്കാം എന്നു കരുതിയാല്‍ തന്നെ, ഭര്‍ത്താവിന് അത്ര വലിയ ശമ്പളമൊന്നുമില്ല. ഇവിടെ രണ്ടുപേരുടേയും ശമ്പളംകൊണ്ടു കുഞ്ഞുങ്ങളുമായി താമസിച്ചുപോകുന്നു എന്നേ ഉള്ളൂ. സമ്പാദ്യമൊന്നുമില്ലെങ്കിലും കുഞ്ഞുങ്ങളുമായി ഒരുമിച്ചു ജീവിക്കാം എന്നുണ്ട്.

നേരിട്ടും അല്ലാതെയും പല പ്രാവശ്യം ശ്രമിച്ചുനോക്കിയിട്ടും നടന്നിട്ടില്ല. പ്രത്യേകിച്ച് മാതാപിതാക്കളുടെ വിസ അവിടെ ഇരിക്കുന്ന വല്യ മുദ്ദിറിന്റെ തീരുമാനമനുസരിച്ചാണിരിക്കുന്നത്. അദ്ദേഹത്തിന്റെ റൂമിലേക്ക് പോലും കടന്നുകിട്ടാന്‍ വല്യബുദ്ധിമുട്ടാണ്, എല്ലാ രേഖകളുമുണ്ടെങ്കില്‍ പോലും. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്, വിസിറ്റ് വിസ ഡിപ്പെന്‍ഡന്റ് വിസയിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യാമെന്ന്. പക്ഷേ അവിടേയും നേരത്തേ പറഞ്ഞ് ശമ്പള പരിധിയുണ്ട്.

ഗള്‍ഫിലുള്ള എല്ലാവരും ഇങ്ങനെയാവില്ല, കുറേ പേര്‍ നല്ല നിലയില്‍ ജീവിക്കുന്നു, 6 മാസം കൂടുമ്പോഴും ഒരു വര്‍ഷം കൂടുമ്പോഴും നാട്ടില്‍ പോകുന്നവരുണ്ട്. വര്‍ഷങ്ങളായി നാട് കാണാതെ കുടുംബമായി ഇവിടെ ജീവിക്കുന്നവരുണ്ട്. പിന്നെ കുടുംബം കൂടെയില്ലാതെ തനിയെ താമസിക്കുന്നവര്‍, രണ്ടും മൂന്നും വയസായ കുഞ്ഞുങ്ങളെ ഇതുവരെയൊന്നു കാണ്ടിട്ടുകൂടിയില്ലാത്തവര്‍. നമ്മള്‍ വിചാരിക്കുന്നതുപോലെ മനസില്ലാഞ്ഞിട്ടല്ല, പലര്‍ക്കും പലതും ചെയ്യാന്‍ പറ്റാത്തത്, അതിനുവേണ്ട പണവും മറ്റും മണ്ണില്‍ നിന്ന് കുഴിച്ചെടുക്കാവുന്നതല്ലല്ലോ.

ഇനി ഒന്നേയുള്ളൂ, പ്രാര്‍ത്ഥന. ദൈവം എല്ലാം അറിയുന്നു. നിയമങ്ങള്‍ക്കൊരു അയവു വരുമെന്നും അമ്മയുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതിനുമുമ്പ് തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരും ഈശ്വരന്‍ എന്നും അവള്‍ വിശ്വസിക്കുന്നു. മറിച്ച് സംഭവിക്കാതിരിക്കട്ടെ.

Thursday, August 30, 2007

അമ്മയെ ആരുനോക്കും?

കുറേ നാളുകള്‍ക്കുശേഷം ഇന്നെന്റെ ബ്ലോഗില്‍ വന്ന് കഴിഞ്ഞ പോസ്റ്റിലെ കമന്റുകള്‍ വായിച്ചു. എല്ലാവര്‍ക്കും നന്ദി. പങ്കാളിയോടുള്ള സ്നേഹമാണ് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം വിഷയങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. പങ്കാളികളിലൊരാള്‍ മരിച്ചു കഴിയുമ്പോള്‍ മറ്റേയാള്‍ക്ക് ജീവിതം പിന്നേയും മുന്നില്‍ കിടക്കുകയാണ്. ശേഷിക്കുന്നയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും ചുറ്റുമുള്ളവരുടെ ഒരു ആകാംഷയാണ്. വീണ്ടും ഒരു കുടുംബം പടുതുയര്‍ത്തിയാലും, അവിടെ എന്തെങ്കിലും പൊട്ടിതെറികളുണ്ടോ എന്നറിയാണ് മറ്റുള്ളവരുടെ ശ്രമം. മറ്റുള്ളവരെ ബോധിപ്പിച്ചിട്ട് നമുക്ക് ജീവിക്കാനാവില്ലല്ലോ. തീരുമാനങ്ങള്‍ നമ്മുടെതന്നെയാവുമ്പോള്‍ അതിന്റെ ചീത്തവശങ്ങളേക്കാള്‍ നല്ല വശങ്ങാള്‍ കാണാനാവും നമ്മള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു. പുനര്‍വിവാഹവും അങ്ങനെതന്നെ, അത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാവട്ടെ. മരിച്ചുപോയ പങ്കാളിയോടുള്ള സ്നേഹകുറവോ ആത്മാര്‍ത്ഥകുറവോ അല്ല അതിനു കാരണം എന്നറിയുക.

ഇവിടെ വേറൊരു സംഭാഷണത്തെ എഴുതിവയ്ക്കാന്‍ ശ്രമിക്കുന്നു.

------------

എന്തായി പോയിട്ട്? വിസ കിട്ടിയോ?



ഇല്ല, ടാക്സിക്കാര്‍ക്കും ആപ്ലിക്കേഷനുമൊക്കെയായി പിന്നേയും കുറച്ചു കാശ് പോയി. ഇനി അല്പം കൈക്കൂലി കൊടുത്തു നോക്കാം എന്ന് ചേട്ടന്‍ പറയുന്നു. അവരുടെ ഓഫീസിലെ മന്ദൂപിന് കുറച്ച് കാശ് കൊടുത്താല്‍ അയാള്‍ ശരിയാക്കി തരാമെന്ന് പറഞ്ഞു.



------------



എന്തായി, വിസ ഇതുവരെ കിട്ടിയില്ലേ?



ഓ അയാള്‍ ആ കാശുംകൊണ്ട് മുങ്ങി. ഇല്ലാത്ത കാശ് കടം വാങ്ങി കൊടുത്തതാണ്. ഇപ്പോള്‍ വിസയുമില്ല, കാശുമില്ല. ചോദിക്കുമ്പോള്‍ അയാള്‍ പറയുന്നത്, നാളെ നാളെ എന്നാണ്. അവസാനം ഭീഷണിപ്പെടുത്തിയപ്പോള്‍ പറയുന്നു, “ഇവിടുത്തെ ഒരു പ്രമുഖന്റെ സെക്രട്ടറി വഴിയാണ് ശ്രമിച്ചത്, അവന്‍ ആ പൈസ തിരിച്ചു തരുന്നില്ല. നീ എനിക്കു പൈസ തന്നതിനും ഞാന്‍ അവനു കൊടുത്തതിനും രേഖകളോന്നും ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ” എന്ന്. അങ്ങനെ ആ കാശും പോയികിട്ടി.



നീയെന്തിനാ ഇത്രയും ബുദ്ധിമുട്ടുന്നത്, അമ്മ ഇപ്പോള്‍ ചേച്ചിയുടെകൂടെയല്ലേ? മാസം ചിലവിനുള്ളത് നീ അയച്ചും കൊടുക്കുന്നുണ്ടല്ലോ?



ഞാന്‍ പറഞ്ഞിട്ടില്ലേ, ഞങ്ങള്‍ മൂന്ന് പെണ്മക്കളാണ്. വിദ്യഭ്യാസമാണ് ഏറ്റവും വലിയ സമ്പത്തെന്ന് വിശ്വസിച്ചിരുന്ന എന്റെ അച്ഛന്‍, അച്ഛന്റെ വാക്കിനപ്പുറം ഒരു ലോകമില്ലാത്ത അമ്മ, ഞങ്ങളെ മൂന്നുപേരേയും പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ചപ്പോഴേക്കും ഉണ്ടായിരുന്ന സ്ഥലവും വീടും വില്‍ക്കേണ്ടിവന്നു. പിന്നെ വാടക വീട്ടിലായിരുന്നു താമസം. വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ജോലിയൊന്നും കിട്ടിയില്ല ഞങ്ങള്‍ക്കാര്‍ക്കും. അച്ഛന്‍ മരിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഒരു കുടുംബം ഇല്ലാതാവുകയായിരുന്നു.



അപ്പോള്‍ അമ്മ?



അമ്മയ്ക്കു തനിയെ താമസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുകണ്ട്, ഇളയമകളുടെകൂടെ താമസിക്കാം എന്നു പറഞ്ഞ് വാടകവീടൊഴിഞ്ഞു. കുറച്ചു നാളത്തേക്ക് കുഴപ്പമില്ലായിരുന്നു. എന്തിനും ഏതിനും കണക്കുപുസ്തകം സൂക്ഷിക്കുന്ന അനിയത്തിയുടെ ഭര്‍ത്താവ് അമ്മ അവരുടെ കൂടെ കഴിയുന്നത് ലാഭമുള്ള കാര്യമല്ലെന്ന് പെട്ടെന്ന് കണ്ടുപിടിച്ചു.



നിങ്ങള്‍ പൈസ അയച്ചു കൊടുക്കുന്നില്ലേ?



നിനക്കറിയാമല്ലോ എന്റെ ഇവിടുത്തെ ശമ്പളം, ചേട്ടനും അത്രയൊക്കെ തന്നെയുള്ളൂ. കിട്ടുന്നതില്‍ പകുതി വാടക കൊടുത്തു തീര്‍ക്കും, പിന്നെ സ്ക്കൂള്‍ ഫീസ്, ബേബി സിറ്റിംഗ്, മറ്റു ചിലവുകള്‍ ഇതൊക്കെ കഴിയുമ്പോള്‍ എല്ലാ മാസവും കൈ ശൂന്യമാണ്. ഞങ്ങള്‍ അയച്ചുകൊടുക്കുന്ന രൂപ പോരാ എന്നാണ് അവന്‍ പറയുന്നത്. അവര്‍ പ്രതീക്ഷിക്കുന്ന വലിയ തുകയൊന്നും കൊടുക്കാനുള്ള വരുമാനം ഞങ്ങള്‍ക്കില്ല. 4 വര്‍ഷമായി വന്നിട്ട്, ഇതുവരെ നാട്ടില്‍ ഒന്നു പോകാന്‍ പറ്റിയിട്ടില്ല. രൂപ ചെല്ലാന്‍ ഒരു ദിവസം താമസിച്ചാല്‍ പിന്നെ അമ്മയ്ക്കും അനിയത്തിക്കും സ്വൈര്യം കൊടുക്കില്ല അവന്‍.



അങ്ങനെയാണ് ചേച്ചിയുടെ അടുത്തേക്ക് അമ്മ പോയത്. അവിടേയും വലിയ കുഴപ്പമില്ലാതെ പോകുമ്പോഴാണ് അനിയത്തിയും ഭര്‍ത്താവും ചേച്ചിയുടെ വീട്ടില്‍ ചെന്നത്, അന്ന് ആണുങ്ങള്‍ രണ്ടുപേരുംകൂടി ബാര്‍ സന്ദര്‍ശിച്ചിട്ട് വന്നശേഷം ചേട്ടന്റേയും വിധം മാറി. ഇപ്പോള്‍ എത്രയും പെട്ടെന്ന് അമ്മയെ അവിടെനിന്ന് മാറ്റണം, വേറെയൊരിടത്തും പറ്റില്ല എങ്കില്‍ വല്ല വ്യദ്ധസദനത്തിലും ആക്കാനാണ് അവര്‍ പറയുന്നത്. ചേച്ചിയുടേയും അനിയത്തിയുടേയും കണ്ണുനീര്‍ കണ്ട് മടുത്ത അമ്മയും ഇപ്പോള്‍ അതുതന്നെയാണ് പറയുന്നത്. എനിക്കത് ചിന്തിക്കാന്‍ കൂടിവയ്യ.



അങ്ങനെയാണ് ഇവിടേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കാന്‍ തുടങ്ങിയത്. ഇവിടുത്തെ നിയമം അനുസരിച്ച് ശമ്പള പരിധി നിശ്ചയിച്ചിട്ടുണ്ട് മാതാപിതാക്കള്‍ക്കുള്ള ഫാമിലി വിസയ്ക്ക്. അതിന്റെ പകുതിപൊലും ശമ്പളം എനിക്കില്ല. രണ്ടുപേരുടേയും കൂടി ഒരുമിച്ച് ചേര്‍ത്ത് കൊടുത്തിട്ട് അവര്‍ റിജക്ട് ചെയ്തു. നിയമമൊക്കെ ഒരു വശത്ത്, മാതാപിതാക്കള്‍ക്കുള്ള വിസയ്ക്ക് അങ്ങനെ നിയമമൊന്നും ഇല്ല, അവിടെ ഇരിക്കുന്ന മേധാവിക്ക് തോന്നിയാല്‍ തന്നു അത്രേയുള്ളൂ എന്നാണ് പറയുന്നത്. ഇപ്പോള്‍ എത്ര തവണ പോയി ഇതിനുവേണ്ടിയെന്ന് ദൈവത്തിനുമാത്രമേ അറിയൂ.



ഞാന്‍ കൊട്ണുവന്നോളാം എന്ന് പറഞ്ഞ് അടക്കി നിര്‍ത്തിയിരിക്കുകയാണ് ചേട്ടനെ. താമസിക്കുംതോറും അവിടെ പ്രശ്നങ്ങള്‍ വഷളാകുകയാണ്. ഇനിയെന്തുചെയ്യണമെന്ന് എനിക്കറിയില്ല.



നീ വിഷമിക്കാതെ, എന്തെങ്കിലും വഴി ഈശ്വരന്‍ കാണിച്ചുതരും.



എനിക്ക് ഈശ്വരവിശ്വാസം പോലും നഷ്ടപ്പെടുമോ എന്നു തോന്നുന്നു. എന്താണ് ഈശ്വരന്‍ എനിക്കൊരു ആങ്ങളയെ തരാതിരുന്നത്. ഒരു സഹോദരനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അമ്മയിങ്ങനെ വിഷമിക്കേണ്ടി വരുമായിരുന്നോ?



നീയെന്താ ഈ പറയുന്നത്, ആണ്മക്കളുണ്ടായിരുന്നെങ്കില്‍ എല്ലാം നന്നായിരുന്നേനേ എന്നണോ? അഞ്ചാണ്‍മക്കളുണ്ടായിട്ടും ഒരേ ഒരു മകളുടെകൂടെ അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുത്തുവാക്കുകളും കേട്ടു കഴിയുന്ന ഒരമ്മയെ എനിക്കറിയാം. ദോഷം പറയരുതല്ലോ, അഞ്ചുപേരില്‍ നാലുപേരും വിദേശത്താണ്, നാട്ടിലുള്ള മകന്റെ ഭാര്യയ്ക്ക് അമ്മയെ കൂടെതാമസിപ്പിക്കുന്നത് ഇഷ്ടവുമല്ല.



ഇടയ്ക്കൊക്കെ ഞാനോര്‍ക്കും എന്തിനാണ് എന്റെ അച്ഛന്‍ ഞങ്ങള്‍ പഠിപ്പിച്ചത്. നാട്ടിലുള്ള രണ്ടു സഹോദരിമാരും ജോലിക്കു പോകുന്നില്ല. ചേച്ചി പറയുന്നത് പത്രം പോലും വായിച്ചിട്ട് നാളുകളായെന്നാണ്. അക്ഷരങ്ങള്‍ മറന്നുപോയോ എന്നാണ് സംശയം. നാട്ടിലെ ലൈബ്രറിയിലെ ബുക്കുകള്‍ മക്കള്‍ക്കുവേണ്ടി ചുമന്നോണ്ടു വന്നിരുന്ന അച്ഛന്‍. പെണ്മക്കളെന്ന ഒരു ചേരിതിരിവും കാണിക്കാതെ വളര്‍ത്തി, ഒരിക്കലും ഞങ്ങള്‍ ഒരുഭാരമെന്ന് തോന്നലുണ്ടാവാന്‍ സമ്മതിച്ചിട്ടില്ല. അഭിമാനത്തോടെയാണ് ഞങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഒരളെയെങ്കിലും നേഴ്സിങ്ങിനു വിടാന്‍ പറഞ്ഞവരോട് , ജോലിക്കുവേണ്ടിയല്ല എന്റെ മക്കളെ പഠിപ്പിക്കുന്നത്, അറിവിനുവേണ്ടിയാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. ഇന്ന് ഞങ്ങളാരും ഒരിടത്തുമെത്തിയില്ല, ഞങ്ങളെ പഠിപ്പിച്ച് വിവാഹം കഴിച്ചയപ്പിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇന്നെന്റെ അമ്മയ്ക്ക് സുഖമായി ജീവിക്കാമായിരുന്നു. എന്റെ അച്ഛന്‍ വാടകവീട്ടില്‍ കിടന്നു മരിക്കേണ്ടി വരില്ലായിരുന്നു. വിദ്യാഭ്യാസം കൂടുംതോറും സ്ത്രീധനവും കൂടുതല്‍ വേണം. വിദ്യാഭ്യാസം മാത്രം മതിയോ വയറുനിറയാന്‍ എന്നാണ് അനിയന്‍ ചോദിക്കുന്നത്. പിന്നെ മക്കളുടെ ട്യൂഷന്‍ ഇനത്തില്‍ ലാഭിക്കാമെന്നാണ് അവന്റെ കണക്കുകൂട്ടല്‍.



അപ്പോള്‍ അമ്മ ഇവിടെ വന്നാലോ?



ചേട്ടന് അമ്മയെ വല്യ ഇഷ്ടമാണ്. പിന്നെ കുഞ്ഞുങ്ങള്‍ പ്രായമായവരോടൊത്തു വളരണമെന്നും അദ്ദേഹത്തിനുണ്ട്. ഞങ്ങളുടെ ലോകത്തിനപ്പുറമുള്ള ഒരു ലോകം മുത്തശ്ശിമാരിലൂടെ കുഞ്ഞുങ്ങള്‍ അറിയട്ടെ എന്ന് പറയും. അമ്മയുട്ണെങ്കില്‍ എനിക്കും ആശ്വാസമായിരുന്നു. ജോലി കഴിഞ്ഞുചെല്ലുമ്പോള്‍ ശൂന്യമായ ഫ്ലാറ്റിലേക്ക് കയറേണ്ടല്ലോ എന്ന സ്വാര്‍ത്ഥതയുണ്ടതില്‍.



നീ വിഷമിക്കേണ്ടാ, എല്ലാം ശരിയാകും. സകലതും അറിയുന്ന ദൈവം തന്നെ ഒരു വഴികാണിച്ചു തരും.



നാളെ അമ്മയെവിളിക്കുമ്പോള്‍ എന്തുപറയണം എന്നറിയില്ല. കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞത് “ നീയിനി വിസയ്ക്ക് ശ്രമിക്കേണ്ട, എന്നെ എത്രയും നേരത്തേ അങ്ങുവിളിക്കണേ എന്ന് ഈശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്” എന്നാണ്.

(എഴുതി തീര്‍ത്ത് നേരേ പോസ്റ്റുകയാണ്. വീണ്ടും വായിച്ചുനോക്കിയാല്‍ ഡിലീറ്റ് ചെയ്തുകളയും എന്ന മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇത് വീണ്ടും വായിക്കുന്നില്ല).

Monday, March 26, 2007

മരണം, പുനര്‍വിവാഹം.

ഞാന്‍ പറഞ്ഞിട്ടില്ലേ മിനിയേകുറിച്ച്, നീയോര്‍ക്കുന്നുണ്ടോ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ താമസിച്ചിരുന്ന മിനി?

ഉണ്ട്, ഓര്‍ക്കുന്നുണ്ട്, ക്യാന്‍സര്‍ വന്ന് മരിച്ച മിനി? രണ്ടു കൊച്ചുകുട്ടികള്‍ മിനിക്കുണ്ടായിരുന്നില്ലേ, അവര്‍ ഇപ്പോള്‍ എവിടെയാണ്?

എന്തുപെട്ടെന്നാ‍യിരുന്നു മിനിയുടെ മരണം. എത്ര ആക്ടീവായിരുന്നയാളാണ്. ഭര്‍ത്താവും രണ്ടുകുട്ടികളും ഒരുമിച്ച് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍. തലവേദനയായി തുടങ്ങിയതാണ്. ഹോസ്പിറ്റലില്‍ പോയി ടെസ്റ്റും മറ്റും നടത്തി അസുഖം കണ്ടുപിടിച്ചതും രണ്ടുദിവസം കോമാസ്റ്റേജില്‍ കിടന്നതും മരിച്ചതും എല്ലാം ഒരു മാസത്തിനുള്ളില്‍.

അന്ന് മിനിയേകുറിച്ചുപറഞ്ഞകൂട്ടത്തില്‍ നീ പറഞ്ഞ ഒരുകാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മിനി കൂട്ടുകാര്‍ ആരോടോ പറഞ്ഞില്ലേ, “എനിക്ക് എന്റെ കുഞ്ഞുങ്ങളോടോത്ത് ജീവിച്ചു മതിയായില്ല” എന്ന്. എന്താ ഇപ്പോള്‍ മിനിയെകുറിച്ച് ഓര്‍ക്കാന്‍?

മിനിയുടെ ഭര്‍ത്താവ് വീണ്ടും കല്യാണം കഴിച്ചു.

അതിനെന്താ?

അവള്‍ മരിച്ചിട്ട് ഒരു വര്‍ഷം പോലുമായില്ല.

അതിന്?

എന്തോ എനിക്ക് അതുകേട്ടിട്ട് ഇഷ്ടപ്പെട്ടില്ല.

എന്നാലെനിക്ക് അതില്‍ ഒരു ഇഷ്ടകേടും തോന്നുന്നില്ല. നീയൊന്നാലോചിച്ച് നോക്കിക്കേ, രണ്ടു കൊച്ചു കുഞ്ഞുങ്ങളുമായുള്ള സന്തോഷിന്റെ ഇവിടുത്തെ ജീവിതം. അദ്ദേഹം പിന്നെന്തു ചെയ്യണം, ആ കുട്ടികളെ നാട്ടില്‍ ബോര്‍ഡിംഗ് സ്കൂളിലാക്കിയിട്ട് ഇവിടെ തനിയെ ജീവിച്ച് വട്ടു പിടിക്കണോ? നീ തന്നെയല്ലേ നേരത്തേ പറഞ്ഞിട്ടുള്ളത്, സന്തോഷ് ആ കുട്ടികളേയും കൊണ്ട് വളരെ ബുദ്ധിമുട്ടുന്നുണ്ടെന്ന്?

പക്ഷേ..

എന്തു പക്ഷേ, നീയൊന്നാലോചിച്ചു നോക്കിക്കേ, ഒരു സ്ത്രീ അറിയുന്നതുപോലെ ഒരു വീട്ടിലെ കാര്യങ്ങള്‍ ആരറിയും, ഒരു അമ്മ ചെയ്യുന്നതുപോലെ കുട്ടികളുടെ കാര്യങ്ങള്‍ ആര്‍ക്കു ചെയ്യാന്‍ കഴിയും? കഴിയുമായിരിക്കാം പലര്‍ക്കും, പക്ഷേ ഇവിടെ സഹായത്തിനാരും ഇല്ലാതെ, ജോലിയും ചെയ്ത് ആ കുട്ടികളുടെ കാര്യവും നോക്കി, തന്റെ വിഷമങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു പങ്കാളിയില്ലാതെ സന്തോഷ് എത്ര നാള്‍ കഴിയും. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളും കുട്ടികളുടെ കാര്യങ്ങളും എല്ലാം ഒരുമിച്ച് കോണ്ടുപോകാന്‍ പറ്റുമോ, ഒരു പങ്കാളിയുണ്ടാവുന്നത് നല്ലതുതന്നെ.

പക്ഷേ അവര്‍ എത്ര സ്നേഹിച്ചു കഴിഞ്ഞിരുന്നതാണ്, എന്നിട്ടും..

അവര്‍ സ്നേഹിച്ചുകഴിഞ്ഞിരുന്നുവെന്ന് കരുതി ഈ ബുദ്ധിമുട്ടെല്ലാം സഹിച്ച് ആ കുട്ടികളേയും വളര്‍ത്തി, അവര്‍ വലുതായി അവരുടെ ലോകത്തിലേക്ക് പൊയികഴിയുമ്പോള്‍ ഇദ്ദേഹം തനിയെ ആവുന്ന അവസ്ഥ നീയൊന്നോര്‍ത്തു നോക്കിക്കേ? പ്രായം ചെന്ന് വിദേശത്തുനിന്ന് നാട്ടില്‍ ചെല്ലുന്ന അദ്ദേഹത്തെ ആരു നോക്കും? ഇങ്ങനെയാണോ സ്നേഹം പ്രകടിപ്പിക്കേണ്ടത്? ഒരു കാര്യം ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ വിവാഹവാര്‍ഷിക ആഘോഷത്തിനെന്താ സന്തോഷിനേയും കുട്ടികളേയും വിളിക്കാതിരുന്നത്?

അത്, വിവാഹവാര്‍ഷികമല്ലേ, അവര്‍ക്ക് വിഷമമായെങ്കിലോ എന്നു കരുതി..

നോക്ക്, അവര്‍ക്ക് ഇങ്ങനെയുള്ള പാര്‍ട്ടികളില്‍ പോലും പങ്കെടുക്കാന്‍ ആരും സമ്മതിക്കുന്നില്ല, നീയെന്താണ് കരുതുന്നത്, മിനി മരിച്ചു എന്നുകരുതി സന്തോഷും കുട്ടികളും എന്നും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടിരിക്കണമോ? എല്ലാവരുടേയും സഹതാപപാത്രങ്ങളായി കരഞ്ഞു ജീവിക്കണമോ, എങ്ങും എത്തപെടാതെ ആ കുട്ടികള്‍ ആയിതീരണമോ, ഈ ടെന്‍ഷനെല്ലാം ഒറ്റയ്ക്ക് സഹിച്ച് സന്തോഷ് ജീവിതത്തെ തന്നെ വെറുക്കണമോ?

ഇതൊന്നും എനിക്കറിയില്ല, പക്ഷേ ഇതറിഞ്ഞപ്പോള്‍ ഞാനെന്റെ ഭര്‍ത്തവിനോട് പറഞ്ഞു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വേറേ കല്യാണം കഴിക്കരുത്, കുട്ടികളേയും നോക്കി ജീവിക്കണമെന്ന്. അഥവാ വേറേ കെട്ടി സുഖമായി ജീവിക്കാമെന്ന് കരുതിയാല്‍ ഞാന്‍ പ്രേതമായി വന്ന് രണ്ടിനേയും ശരിയാക്കുമെന്ന്.

ചിരിക്കുകയല്ലാതെ എന്തു ചെയ്യാന്‍. നിനക്ക് സ്വാര്‍ത്ഥതയാണ്. മരിച്ചു കഴിഞ്ഞാല്‍ നീയെന്തറിയാനാണ്. ജീവിച്ചിരിക്കുന്നവരല്ലേ അനുഭവിക്കേണ്ടത്. എന്റെ ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ മരിച്ചാല്‍ എന്നെയോര്‍ത്ത് ജീവിതം പാഴാക്കാതെ, നല്ല ഒരു സ്ത്രീയെ, കുഞ്ഞുങ്ങളേ കൂടി സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തി വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കണമെന്ന്. ആകട്ടെ, സന്തോഷ് ആരെയാണ് വിവാഹം കഴിച്ചത്?

ഇതുപോലെ തന്നെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ, ഒരു കുട്ടിയുമുണ്ട്. ആ കുട്ടിയേയും കൊണ്ടുവന്നിട്ടുണ്ട്.

നല്ല കാര്യം, അവര്‍ക്ക് ഒരു തുണയായല്ലോ, ആ കുട്ടിക്ക് ഒരു പിതാവിന്റെ സ്നേഹവും കിട്ടും. ആ കുട്ടിയേയും കൊണ്ടുവരാന്‍ സന്തോഷിന് മനസു തോന്നിയല്ലോ. എനിക്ക് തോന്നുന്നത് മിനിയുടെ ആത്മാവ് എവിടെയെങ്കിലും ഇരുന്ന് ഇതു കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും.

(വേഗത്തില്‍ എഴുതിതീര്‍ത്തതാണ്, അക്ഷരതെറ്റുകള്‍ ഉണ്ടാവും. നേരില്‍ നടന്ന സംഭാഷണം എഴുതിവന്നപ്പോല്‍ മാറ്റം ഉണ്ടായിട്ടുണ്ട്. )

Monday, March 05, 2007

ഞാനും പ്രതിഷേധത്തില്‍ പങ്കുചേരുന്നു!

ഞാന്‍ വായന വളരെ ഇഷ്ടപെടുന്നു, അതും മലയാളത്തില്‍ എഴുതിയത് വായിക്കാന്‍ ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ, ഈ മലയാളം ബ്ലോഗുകളെകുറിച്ചറിഞ്ഞ് ഇവിടെ വന്ന് ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍, മലയാളപുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നില്ല എന്ന വിഷമം കുറേ മാറി. പിന്നെ ബ്ലോഗുകളിലൂടെ പരിചയപ്പെട്ട എല്ലാവരേയും നേരില്‍ പരിചയമുള്ളതുപോലെയായി. കുറുമാന്റെ യാത്രാവിവരണം വായിച്ച് ഞാനും ആ സ്ഥലങ്ങളിലൊക്കെ പോയ പ്രതീതി, വിശാലന്റേയു, മറ്റും പോസ്റ്റില്‍ വായിച്ചതൊക്കെ ഓര്‍ത്ത് വീണ്ടും വീട്ണും ചിരിച്ചു, പാചക കുറിപ്പുകള്‍ പലതും പരീക്ഷിച്ചു വിജയിച്ചു. ഓര്‍മ്മകുറിപ്പുകള്‍ വായിച്ചു, മറന്നുപോയ പലതും വീണ്ടുമോര്‍ത്തു. നാടിന്റെ നല്ല ഫൊട്ടോകള്‍ കണ്ടു, ഫോട്ടോഗ്രാഫിയെകുറിച്ച് കൂടുതല്‍ അറിഞ്ഞു, പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെകുറിച്ച് കൂടുതല്‍ അറിഞ്ഞു, സ്നേഹകൂട്ടായ്മകള്‍ കണ്ടു, അങ്ങനെ ധാരാളം കാര്യങ്ങള്‍, ഞാന്‍ അറിഞ്ഞു, പഠിച്ചു, എന്റെ ജീവിതത്തിലെ ചെറിയ ചെറിയ പിടിവാശികള്‍ പലതും ഉപേക്ഷിച്ചു.......എനിക്ക് വ്യക്തിപരമായി ഈ ബ്ലോഗുകള്‍ നന്മകള്‍ ധാരാളം തന്നു, ഇവയെല്ലാം എനിക്ക് പ്രിയപ്പെട്ടതായി. കമന്റുകള്‍ വായിക്കുവാന്‍ മാത്രം ചില ബ്ലോഗുകള്‍ വീണ്ടും വീണ്ടും സന്ദര്‍ശിച്ചു. ഇനിയുമുണ്ട് ഒരുപാടെഴുതാന്‍, സമയകുറവുകൊണ്ട് നിര്‍ത്തട്ടെ, പറഞ്ഞുവന്നത് എന്തെണെന്നു ചോദിച്ചാല്‍, ഈ ബ്ലോഗുകള്‍ എല്ലാം എന്നും നിലനില്‍ക്കണം. അതുകൊണ്ട് ഞാനും ഈ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

ഇത് ഒരാള്‍ക്ക് വേണ്ടി മാത്രം അല്ല, എല്ലാ ബ്ലോഗേഴ്സിനും ഇത് പ്രയോജനപെടട്ടെ.

1) രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം

2) ശേഷം ചിന്ത്യം- സന്തോഷ്

3) If it were…

4) Copyright Violations

5) And Yahoo counsels us to respect intellectual rights of others (ദേവനും തന്റെ രൂപം കാട്ടിയിരിക്കുന്നു. )

6) Indian bloggers Mad at Yahoo

7) യാഹൂവിന്റെ ബ്ലോഗ് മോഷണം

8) याहू ने साहित्यिक चोरि की

9) JUGALBANDI

10) കറിവേപ്പില - സൂര്യഗായത്രി

11) Content Theft by Yahoo! Shame Shame…

12) ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍

13) Yahoo's Copyright infringement on Malayalam Blog content.

14) Malayalam Bloggers Don’t Agree with Yahoo India

15) Bloggers protest on March 5th 2007 against Yahoo!

17) യാഹൂ മാപ്പു പറയുക!

18) Yahoo! India's dirty play...

19) സങ്കുചിത മനസ്കന്‍

20) Protest against Yahoo India

21) My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം

22) Tamil News

23) കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...

24) Yahoo India accused of plagiarism by Malayalam blogger

25) Content theft by Yahoo India

26) Indian bloggers Mad at Yahoo

27) Global Voice - News

28) Indian Bloggers Enraged at Yahoo! India’s Plagiarism

29) മനോരമ ഓണ്‍ലൈന്‍

30) മാതൃഭൂമി

31) Mathrubhoomi (Malayalam News)

32) Yahoo Plagiarism Protest Scheduled March 5th

33) Wat Blog

34) Yahoo India Denies Stealing Recipes

Tuesday, December 19, 2006

വീണ്ടും...

വീണ്ടും ക്രിസ്തുമസ്!

ഡാലിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ , ക്രിസ്തുമസിനെ കുറിച്ച് എഴുതാന്‍ തോന്നി. ഇവിടെ വീട്ടില്‍ ഒരു കൊച്ചു ട്രീ അലങ്കരിച്ചു വച്ചതോടുകൂടി തീ‍ര്‍ന്നു ആഘോഷം, അറബിക്കുണ്ടോ ക്രിസ്തുമസ്! പിന്നെ പള്ളിയില്‍ കഴിഞ്ഞ ആഴ്ച്ച ഒരു സംയുക്ത ക്രിസ്തുമസ് ആഘോഷം ഉണ്ടായിരുന്നു. വേഷം കെട്ടിവന്ന സാന്റാക്ലോസിനെ കണ്ടിട്ട് കരയാന്‍ തോന്നി, അത്ര ഭംഗിയായിരുന്നു, വേഷവിധാനങ്ങള്‍.

ക്രിസ്തുമസ് എന്നാല്‍, ആഴ്ചകള്‍ക്കുമുമ്പേ തുടങ്ങുന്ന ഒരുക്കമായിരുന്നു, ചെറുപ്പത്തില്‍. (ഡാലിയെഴുതിയതുപോലെ, കന്യാസ്ത്രീകളുടെ വക സ്പെഷ്യല്‍ ഒരുക്കങ്ങളും ഉണ്ട്.) പുല്‍കൂട്ടില്‍ വയ്ക്കാനുള്ള പുല്ല് ചെറിയ ചട്ടികളില്‍ മുളപ്പിക്കുന്ന പണി ഞങ്ങള്‍ക്കാണ്, മെടഞ്ഞ ഓലകൊണ്ട് പുല്‍കൂടുണ്ടാക്കുന്നതും, അതില്‍ മണ്ണുകൊണ്ട് ചെറിയ കുന്നുകളും, അരുവിയും മറ്റും ഉണ്ടാക്കുന്നത് ആണ്‍കുട്ടികളായിരുന്നു. വീട്ടില്‍ കറണ്ട് കണക്ഷന്‍ കിട്ടുന്നതു വരെ വര്‍ണ്ണകടലാസുകൊണ്ടുള്ള നക്ഷത്രത്തിനകത്തു, വിളക്കോ മെഴുകുതിരിയോ ആയിരുന്നു വയ്ക്കുന്നത്. പിന്നിട്, ചുവന്നകളറിലുള്ള നിറയെ പൊട്ടുകളുള്ള നക്ഷത്രത്തില്‍ ബള്‍ബിട്ടും, കൂടെ കോണിന്റെ ഷേപ്പിലുള്ള ചെറിയ ഓട്ടോമാറ്റിക് ബള്‍ബുകളും ഇട്ടുള്ള ആര്‍ഭാടമായ അലങ്കാരമായി. പക്ഷേ പുല്‍കൂടിനുള്ളില്‍ വയ്ക്കുന്ന ക്രിബ് സെറ്റിന് ഒരു മാറ്റവൂമില്ലായിരുന്നു. ഉണ്ണി ഈശോയും, മാതാവും ഔസേപ്പുപിതാവും, ആട്ടിടയന്മാരും, 3 രാജാക്കന്മാരും, ആട്ടിന്‍ കൂട്ടവും ഒക്കെ അടങ്ങുന്ന ക്രിബ് സെറ്റ്. അത് സൂക്ഷിച്ചു വയ്ക്കുന്ന നീല പെയിന്റടിച്ച പെട്ടി തുറക്കുന്ന സ്വരം എനിക്കിപ്പോഴും കേള്‍ക്കാം എന്നു തോന്നുന്നു.

അപ്പത്തിനുള്ള അരി ഇടിക്കുന്ന ബഹളം, അതിനു ചേര്‍ത്തു കുഴയ്ക്കാന്‍ വാങ്ങുന്ന കള്ളിന്റെ മണം, ആ കൂട്ടത്തില്‍ മധുര കള്ള് എന്നു പറഞ്ഞ് വലിയവര്‍ കുടിക്കാന്‍ വാങ്ങുന്ന കുപ്പികള്‍ വേറെ. താറാവിന്റെ പൂട പറിച്ചു വശം കെടുന്ന വല്യമ്മച്ചി അവസാനം പറയും, ഇനിയുള്ളതൊക്കെ വയറ്റില്‍ കിടന്നു ശരിയാകും എന്ന്. പോത്തെറച്ചി ഉലര്‍ത്തുന്ന മണം കൂടിയാകുമ്പോള്‍ അടുക്കള ആകെ സുഗന്ധത്താല്‍ നിറയുകയാണ്. ആ മസാലയുടെ മണം ഇന്നെവിടെ കിട്ടും. പാലപ്പത്തിനുള്ള പൊടി അരിച്ചെടുത്തുകഴിയുമ്പോള്‍ ബാക്കി വരുന്ന തരങ്ങഴി തേങ്ങ ചേര്‍ത്ത് കുഴച്ച്, വാഴയിലയില്‍ പൊതിഞ്ഞ്, അവലോസ് വറുത്ത അടുപ്പിലെ കനലില്‍ ഇട്ട് വേവിച്ചെടുക്കുമ്പോള്‍ എന്തു സ്വാദ് ആണെന്നോ! അപ്പത്തിന്റെ മാവില്‍ ചേര്‍ക്കാന്‍ കാച്ചിയ കുറുക്കില്‍ തേങ്ങാപാല്‍ ചേര്‍ത്ത് കഴിക്കാനും നല്ല സ്വാദാണ്. അപ്പോഴായിരിക്കും, കരോള്‍ക്കാരുടെ വരവ്. പിന്നെ അവരുടെ പുറകെ കുറേ ദൂരം പോകും.

നേരത്തേ ഭക്ഷണം തന്ന് ഞങ്ങളെ കിടത്തും, പാതിരാ കുര്‍ബാനയ്ക്കു പോകാനാണ് നേരത്തേ കിടത്തുന്നത്. പതിനൊന്നുമണിയാകുമ്പോള്‍ വിളിച്ചുണര്‍ത്തും, അപ്പോഴും കരോള്‍കാര്‍ വന്നും പോയും ഇരിക്കും. അന്നത്തെ ഒരു പ്രസിദ്ധ പാട്ടായിരുന്നു, “പൂനിലാ, പാലലയൊഴുകുന്ന രാവില്‍, പൂവുകള്‍ പുഞ്ചിരി തൂകുന്ന രാവില്‍..” പുതിയ ഉടുപ്പും ഇട്ട്, പള്ളിയില്‍ പോകുന്നതിനുമുമ്പാണ് ഉണ്ണി ഈശൊയെ പുല്‍കൂട്ടില്‍ വയ്ക്കുന്നത്, മറ്റുള്ളവരെയെല്ലാം നേരത്തേ വയ്ക്കും, പാതിരാത്രിയിലേ ഉണ്ണിയേ വയ്ക്കൂ. വഴിയില്‍ നിറയെ ആളുകള്‍ കാണും. റ്റോര്‍ച്ചും, ചൂട്ടുകറ്റയുമൊക്കെയായി പള്ളിയിലേക്കു പോകുന്നവര്‍. വഴിയരുകിലുള്ള വീടുകളിലെ പുല്‍കൂടുകള്‍ ഒക്കെ നോക്കിയാണ് പോക്ക്. തണുപ്പില്‍ വിറച്ചുള്ള നടപ്പ്, പള്ളിയില്‍ നിന്ന് ആരും കാണാതെ പുറത്തിറങ്ങി കൂട്ടുകാരും ഒത്തുള്ള കളി, പിന്നെ പള്ളിയുടെ ചുറ്റുമുള്ള വരാന്തയില്‍ ഇരുന്നുള്ള ചെറിയ ഉറക്കം, 12 മണി ആയെന്ന് അറിയിച്ചുള്ള വെടി ശബ്ദംകേട്ടാ‍ണ് ഉണരുന്നത്. എഴുന്നേറ്റ് ഒരോട്ടമാണ്, ഉണ്ണി ഈശോയെ പള്ളിയിലെ പുല്‍കൂട്ടില്‍ കിടത്തുന്ന കാണാനുള്ള ഓട്ടമാണ്. പിന്നെ ആ ഉണ്ണിയെ തൊട്ടുമുത്താനുള്ള ബഹളം. കാല്‍ വിരലുകളില്‍ എത്തികുത്തി ആ വിരലിലെങ്കിലും ഒന്നു തൊടാന്‍ എന്തൊരു മത്സരമായിരുന്നു. തിരികെ ഉറക്കം തൂങ്ങി വന്ന് ഞങ്ങള്‍ വീണ്ടും ഉറക്കത്തിലേക്കു നീങ്ങുമ്പോള്‍ അടുക്കള വീണ്ടും സജീവമായിരിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ചൂടുള്ള അപ്പം, വാഴയില വെട്ടിയിട്ട കുട്ടയിലേക്കിട്ട്, ആ ഇല വാടിയുണ്ടാകുന്ന മണമാണ് ആദ്യം മൂക്കിലേക്കെത്തുന്നത്. അമ്മച്ചിയുടെ വൈന്‍ ഭരണി പൊട്ടിക്കുന്നത് അപ്പോഴാണ്. തേങ്ങാപാലില്‍ വേകുന്ന താറാവിറച്ചിയുടെ മണം ഒരു പ്രത്യേകതയായിരുന്നു. എനിക്കു തോന്നുന്നത് ക്രിസ്തുമസ് എന്നാല്‍ ആ കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് വിവിധ ഭക്ഷണസാധനങ്ങളുടെ മണമാണ് എന്നാണ്. പിന്നെ ബന്ധുവീടുകളിലേക്കുള്ള യാത്രയും. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞുള്ള അവധിയുമല്ലേ, അതുകൊണ്ട് പഠിക്കാന്‍ പറയില്ല ആരും.

കോളേജിലെക്ക് കടന്നപ്പോള്‍, ഡിസംബര്‍ ഒന്നിന്, എല്ലാകുട്ടികളുടേയും പേരെഴുതിയിട്ട ചെറിയ കുറുപ്പുകളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കും, ആ ആളറിയാതെ, ആ മാസം മുഴുവന്‍ ആ കുട്ടിയെ ക്രിസ്തുമസ് ഫ്രണ്ടായി കരുതി പ്രാര്‍ത്ഥിച്ച്, ക്രിസ്തുമസിന്റെ തലേദിവസം ചെറിയ സമ്മാനങ്ങളുമായി ചെന്ന് ആശംസകള്‍ അറിയിക്കും. അതൊക്കെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചിരുന്നു.

ഇന്നു ക്രിസ്തുമസിന്റെ മണം വീട്ടില്‍ വരാന്‍, കേക്ക് ബേയ്ക്ക് ചെയ്യുകയാണ് പതിവ്. അപ്പത്തിനും, ഇറച്ചികറിക്കുമൊന്നും ആ പഴയ സുഗ്ന്ധം ഇല്ലല്ലോ. മക്കളോട് നേരത്തേ ചോദിച്ചു വയ്ക്കും, എന്തു ഗിഫ്റ്റാണ് സാന്റാക്ലോസ് അപ്പച്ചന്‍ കൊണ്ടുവരേണ്ടത് എന്നു. പിന്നെ അവര്‍ പറയുന്ന സാധനം വാങ്ങി അവര്‍ ഉറങ്ങി കഴിയുമ്പോള്‍ ക്രിസ്തുമസ് ട്രീയുടെ അരുകില്‍ കൊണ്ടുവച്ച്, ചെറിയ സന്തോഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ വലുതായതാണോ, അതോ കാലവും ദേശവും മാറിയതാണോ എന്റെ ക്രിസ്തുമസിന്റെ മണം മാറാന്‍ കാരണം?

ഏല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.