ശാലിനി

Tuesday, September 04, 2007

ഫാമിലി വിസ

കഴിഞ്ഞ പോസ്റ്റ്വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കു നന്ദി.

ഇവിടെ നിയമങ്ങള്‍ കുറച്ചുകൂടി ക്രൂരമാണ്. കഴിഞ്ഞ കുറേ മാസങ്ങള്‍ മാതാപിതാക്കള്‍ക്ക് വിസിറ്റ് വിസ പോലും കിട്ടില്ലായിരുന്നു. ഇപ്പോള്‍ വിസിറ്റ് വിസയുടെ നിയമങ്ങള്‍ ഉദാരമാക്കി, പിന്നെ മൂന്നുമാസം കാലാവധിയുമുണ്ട്. എന്നാല്‍ ഫാമിലി വിസ ഇപ്പോഴും പഴയതുപോലെ തന്നെ.

ഫാമിലിവിസ കിട്ടെണമെങ്കില്‍ മിനിമം സാലറിയായി അവര്‍ നിശ്ചയിച്ചിരിക്കുന്ന തുക നമ്മുടെ സാലറിപേപ്പറില്‍ വേണം. പിരിഞ്ഞുപോകുമ്പോള്‍ അതിനെ ബേസ്ചെയ്താണ് സെറ്റില്‍മെന്റ് കൊടുക്കേണ്ടത് എന്നതുകൊണ്ട്, മിക്കവാറും പ്രൈവറ്റ് കമ്പനികള്‍ ശമ്പളത്തെ ബേസിക് + വാടക+ യാത്രാചിലവ് + ...+ ... ഇങ്ങനെയാണ് എഴുതുന്നത്. അങ്ങനെവരുമ്പോള്‍ സാലറിപേപ്പര്‍ എന്ന ഇസ്നാമലില്‍ ഏറ്റവും ബേസിക് ആയ സാലറിയേ കാണിക്കൂ. കമ്പനിയില്‍ നിന്നു തരുന്ന സാലറി സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ പോരാ, അവര്‍ നിശ്ചയിച്ചിരിക്കുന്ന തുക ഇസ്നാമലില്‍ വേണം. മിക്കവാറും പ്രൈവറ്റ് കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് അസാദ്ധ്യമാണ്.

ഞങ്ങള്‍ക്കറിയാവുന്ന ഒരു കുടുംബം. രണ്ടുപേരും ഇവിടെ ജോലിചെയ്യുന്നു. ആദ്യത്തെ പ്രസവം - നാട്ടില്‍ നിന്നു അമ്മയ്ക്ക് വരാന്‍ പറ്റുന്ന സാഹചര്യമല്ല എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഭാര്യയുടെ പ്രസവം നാട്ടിലായിരുന്നു. ഇപ്പോള്‍ കുഞ്ഞിന് ഒന്നര വയസ്സായി. ഇതുവരെ വിസ കിട്ടിയിട്ടില്ല. കാരണം പറയുന്നത് അപ്പന്റെ സാലറിപേപ്പറിലെ തുക കുറവാണെന്നാണ്. പെണ്ണുങ്ങളുടെ പേരില്‍ വിസ അടിയ്ക്കാന്‍ പറ്റില്ല. രണ്ടുപേരുടേയുംകൂടി ഒരുമിച്ച് ചേര്‍ത്ത് കൊടുത്തിട്ടും തള്ളികളഞ്ഞു. പിന്നെ ചെയ്യാവുന്ന ഒരു കാര്യം ജോലി കളഞ്ഞ് നാട്ടില്‍ പോവുക എന്നതാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നുമില്ല.

പിന്നെ എന്റെ കൂട്ടുകാരി - അമ്മയെ നോക്കാന്‍ വേണ്ടി അവള്‍ക്ക് നാട്ടില്‍ പോകാന്‍ പറ്റില്ല. അവര്‍ക്ക് നാട്ടില്‍ സ്വന്തമായി ഒരു വീടുപോലുമായിട്ടില്ല. അവളും കുഞ്ഞുങ്ങളും കൂടി നാട്ടില്‍ പോയി അമ്മയുമൊത്ത് വാടക വീട്ടില്‍ താമസിക്കാം എന്നു കരുതിയാല്‍ തന്നെ, ഭര്‍ത്താവിന് അത്ര വലിയ ശമ്പളമൊന്നുമില്ല. ഇവിടെ രണ്ടുപേരുടേയും ശമ്പളംകൊണ്ടു കുഞ്ഞുങ്ങളുമായി താമസിച്ചുപോകുന്നു എന്നേ ഉള്ളൂ. സമ്പാദ്യമൊന്നുമില്ലെങ്കിലും കുഞ്ഞുങ്ങളുമായി ഒരുമിച്ചു ജീവിക്കാം എന്നുണ്ട്.

നേരിട്ടും അല്ലാതെയും പല പ്രാവശ്യം ശ്രമിച്ചുനോക്കിയിട്ടും നടന്നിട്ടില്ല. പ്രത്യേകിച്ച് മാതാപിതാക്കളുടെ വിസ അവിടെ ഇരിക്കുന്ന വല്യ മുദ്ദിറിന്റെ തീരുമാനമനുസരിച്ചാണിരിക്കുന്നത്. അദ്ദേഹത്തിന്റെ റൂമിലേക്ക് പോലും കടന്നുകിട്ടാന്‍ വല്യബുദ്ധിമുട്ടാണ്, എല്ലാ രേഖകളുമുണ്ടെങ്കില്‍ പോലും. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്, വിസിറ്റ് വിസ ഡിപ്പെന്‍ഡന്റ് വിസയിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യാമെന്ന്. പക്ഷേ അവിടേയും നേരത്തേ പറഞ്ഞ് ശമ്പള പരിധിയുണ്ട്.

ഗള്‍ഫിലുള്ള എല്ലാവരും ഇങ്ങനെയാവില്ല, കുറേ പേര്‍ നല്ല നിലയില്‍ ജീവിക്കുന്നു, 6 മാസം കൂടുമ്പോഴും ഒരു വര്‍ഷം കൂടുമ്പോഴും നാട്ടില്‍ പോകുന്നവരുണ്ട്. വര്‍ഷങ്ങളായി നാട് കാണാതെ കുടുംബമായി ഇവിടെ ജീവിക്കുന്നവരുണ്ട്. പിന്നെ കുടുംബം കൂടെയില്ലാതെ തനിയെ താമസിക്കുന്നവര്‍, രണ്ടും മൂന്നും വയസായ കുഞ്ഞുങ്ങളെ ഇതുവരെയൊന്നു കാണ്ടിട്ടുകൂടിയില്ലാത്തവര്‍. നമ്മള്‍ വിചാരിക്കുന്നതുപോലെ മനസില്ലാഞ്ഞിട്ടല്ല, പലര്‍ക്കും പലതും ചെയ്യാന്‍ പറ്റാത്തത്, അതിനുവേണ്ട പണവും മറ്റും മണ്ണില്‍ നിന്ന് കുഴിച്ചെടുക്കാവുന്നതല്ലല്ലോ.

ഇനി ഒന്നേയുള്ളൂ, പ്രാര്‍ത്ഥന. ദൈവം എല്ലാം അറിയുന്നു. നിയമങ്ങള്‍ക്കൊരു അയവു വരുമെന്നും അമ്മയുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതിനുമുമ്പ് തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരും ഈശ്വരന്‍ എന്നും അവള്‍ വിശ്വസിക്കുന്നു. മറിച്ച് സംഭവിക്കാതിരിക്കട്ടെ.