ശാലിനി

Tuesday, December 19, 2006

വീണ്ടും...

വീണ്ടും ക്രിസ്തുമസ്!

ഡാലിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ , ക്രിസ്തുമസിനെ കുറിച്ച് എഴുതാന്‍ തോന്നി. ഇവിടെ വീട്ടില്‍ ഒരു കൊച്ചു ട്രീ അലങ്കരിച്ചു വച്ചതോടുകൂടി തീ‍ര്‍ന്നു ആഘോഷം, അറബിക്കുണ്ടോ ക്രിസ്തുമസ്! പിന്നെ പള്ളിയില്‍ കഴിഞ്ഞ ആഴ്ച്ച ഒരു സംയുക്ത ക്രിസ്തുമസ് ആഘോഷം ഉണ്ടായിരുന്നു. വേഷം കെട്ടിവന്ന സാന്റാക്ലോസിനെ കണ്ടിട്ട് കരയാന്‍ തോന്നി, അത്ര ഭംഗിയായിരുന്നു, വേഷവിധാനങ്ങള്‍.

ക്രിസ്തുമസ് എന്നാല്‍, ആഴ്ചകള്‍ക്കുമുമ്പേ തുടങ്ങുന്ന ഒരുക്കമായിരുന്നു, ചെറുപ്പത്തില്‍. (ഡാലിയെഴുതിയതുപോലെ, കന്യാസ്ത്രീകളുടെ വക സ്പെഷ്യല്‍ ഒരുക്കങ്ങളും ഉണ്ട്.) പുല്‍കൂട്ടില്‍ വയ്ക്കാനുള്ള പുല്ല് ചെറിയ ചട്ടികളില്‍ മുളപ്പിക്കുന്ന പണി ഞങ്ങള്‍ക്കാണ്, മെടഞ്ഞ ഓലകൊണ്ട് പുല്‍കൂടുണ്ടാക്കുന്നതും, അതില്‍ മണ്ണുകൊണ്ട് ചെറിയ കുന്നുകളും, അരുവിയും മറ്റും ഉണ്ടാക്കുന്നത് ആണ്‍കുട്ടികളായിരുന്നു. വീട്ടില്‍ കറണ്ട് കണക്ഷന്‍ കിട്ടുന്നതു വരെ വര്‍ണ്ണകടലാസുകൊണ്ടുള്ള നക്ഷത്രത്തിനകത്തു, വിളക്കോ മെഴുകുതിരിയോ ആയിരുന്നു വയ്ക്കുന്നത്. പിന്നിട്, ചുവന്നകളറിലുള്ള നിറയെ പൊട്ടുകളുള്ള നക്ഷത്രത്തില്‍ ബള്‍ബിട്ടും, കൂടെ കോണിന്റെ ഷേപ്പിലുള്ള ചെറിയ ഓട്ടോമാറ്റിക് ബള്‍ബുകളും ഇട്ടുള്ള ആര്‍ഭാടമായ അലങ്കാരമായി. പക്ഷേ പുല്‍കൂടിനുള്ളില്‍ വയ്ക്കുന്ന ക്രിബ് സെറ്റിന് ഒരു മാറ്റവൂമില്ലായിരുന്നു. ഉണ്ണി ഈശോയും, മാതാവും ഔസേപ്പുപിതാവും, ആട്ടിടയന്മാരും, 3 രാജാക്കന്മാരും, ആട്ടിന്‍ കൂട്ടവും ഒക്കെ അടങ്ങുന്ന ക്രിബ് സെറ്റ്. അത് സൂക്ഷിച്ചു വയ്ക്കുന്ന നീല പെയിന്റടിച്ച പെട്ടി തുറക്കുന്ന സ്വരം എനിക്കിപ്പോഴും കേള്‍ക്കാം എന്നു തോന്നുന്നു.

അപ്പത്തിനുള്ള അരി ഇടിക്കുന്ന ബഹളം, അതിനു ചേര്‍ത്തു കുഴയ്ക്കാന്‍ വാങ്ങുന്ന കള്ളിന്റെ മണം, ആ കൂട്ടത്തില്‍ മധുര കള്ള് എന്നു പറഞ്ഞ് വലിയവര്‍ കുടിക്കാന്‍ വാങ്ങുന്ന കുപ്പികള്‍ വേറെ. താറാവിന്റെ പൂട പറിച്ചു വശം കെടുന്ന വല്യമ്മച്ചി അവസാനം പറയും, ഇനിയുള്ളതൊക്കെ വയറ്റില്‍ കിടന്നു ശരിയാകും എന്ന്. പോത്തെറച്ചി ഉലര്‍ത്തുന്ന മണം കൂടിയാകുമ്പോള്‍ അടുക്കള ആകെ സുഗന്ധത്താല്‍ നിറയുകയാണ്. ആ മസാലയുടെ മണം ഇന്നെവിടെ കിട്ടും. പാലപ്പത്തിനുള്ള പൊടി അരിച്ചെടുത്തുകഴിയുമ്പോള്‍ ബാക്കി വരുന്ന തരങ്ങഴി തേങ്ങ ചേര്‍ത്ത് കുഴച്ച്, വാഴയിലയില്‍ പൊതിഞ്ഞ്, അവലോസ് വറുത്ത അടുപ്പിലെ കനലില്‍ ഇട്ട് വേവിച്ചെടുക്കുമ്പോള്‍ എന്തു സ്വാദ് ആണെന്നോ! അപ്പത്തിന്റെ മാവില്‍ ചേര്‍ക്കാന്‍ കാച്ചിയ കുറുക്കില്‍ തേങ്ങാപാല്‍ ചേര്‍ത്ത് കഴിക്കാനും നല്ല സ്വാദാണ്. അപ്പോഴായിരിക്കും, കരോള്‍ക്കാരുടെ വരവ്. പിന്നെ അവരുടെ പുറകെ കുറേ ദൂരം പോകും.

നേരത്തേ ഭക്ഷണം തന്ന് ഞങ്ങളെ കിടത്തും, പാതിരാ കുര്‍ബാനയ്ക്കു പോകാനാണ് നേരത്തേ കിടത്തുന്നത്. പതിനൊന്നുമണിയാകുമ്പോള്‍ വിളിച്ചുണര്‍ത്തും, അപ്പോഴും കരോള്‍കാര്‍ വന്നും പോയും ഇരിക്കും. അന്നത്തെ ഒരു പ്രസിദ്ധ പാട്ടായിരുന്നു, “പൂനിലാ, പാലലയൊഴുകുന്ന രാവില്‍, പൂവുകള്‍ പുഞ്ചിരി തൂകുന്ന രാവില്‍..” പുതിയ ഉടുപ്പും ഇട്ട്, പള്ളിയില്‍ പോകുന്നതിനുമുമ്പാണ് ഉണ്ണി ഈശൊയെ പുല്‍കൂട്ടില്‍ വയ്ക്കുന്നത്, മറ്റുള്ളവരെയെല്ലാം നേരത്തേ വയ്ക്കും, പാതിരാത്രിയിലേ ഉണ്ണിയേ വയ്ക്കൂ. വഴിയില്‍ നിറയെ ആളുകള്‍ കാണും. റ്റോര്‍ച്ചും, ചൂട്ടുകറ്റയുമൊക്കെയായി പള്ളിയിലേക്കു പോകുന്നവര്‍. വഴിയരുകിലുള്ള വീടുകളിലെ പുല്‍കൂടുകള്‍ ഒക്കെ നോക്കിയാണ് പോക്ക്. തണുപ്പില്‍ വിറച്ചുള്ള നടപ്പ്, പള്ളിയില്‍ നിന്ന് ആരും കാണാതെ പുറത്തിറങ്ങി കൂട്ടുകാരും ഒത്തുള്ള കളി, പിന്നെ പള്ളിയുടെ ചുറ്റുമുള്ള വരാന്തയില്‍ ഇരുന്നുള്ള ചെറിയ ഉറക്കം, 12 മണി ആയെന്ന് അറിയിച്ചുള്ള വെടി ശബ്ദംകേട്ടാ‍ണ് ഉണരുന്നത്. എഴുന്നേറ്റ് ഒരോട്ടമാണ്, ഉണ്ണി ഈശോയെ പള്ളിയിലെ പുല്‍കൂട്ടില്‍ കിടത്തുന്ന കാണാനുള്ള ഓട്ടമാണ്. പിന്നെ ആ ഉണ്ണിയെ തൊട്ടുമുത്താനുള്ള ബഹളം. കാല്‍ വിരലുകളില്‍ എത്തികുത്തി ആ വിരലിലെങ്കിലും ഒന്നു തൊടാന്‍ എന്തൊരു മത്സരമായിരുന്നു. തിരികെ ഉറക്കം തൂങ്ങി വന്ന് ഞങ്ങള്‍ വീണ്ടും ഉറക്കത്തിലേക്കു നീങ്ങുമ്പോള്‍ അടുക്കള വീണ്ടും സജീവമായിരിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ചൂടുള്ള അപ്പം, വാഴയില വെട്ടിയിട്ട കുട്ടയിലേക്കിട്ട്, ആ ഇല വാടിയുണ്ടാകുന്ന മണമാണ് ആദ്യം മൂക്കിലേക്കെത്തുന്നത്. അമ്മച്ചിയുടെ വൈന്‍ ഭരണി പൊട്ടിക്കുന്നത് അപ്പോഴാണ്. തേങ്ങാപാലില്‍ വേകുന്ന താറാവിറച്ചിയുടെ മണം ഒരു പ്രത്യേകതയായിരുന്നു. എനിക്കു തോന്നുന്നത് ക്രിസ്തുമസ് എന്നാല്‍ ആ കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് വിവിധ ഭക്ഷണസാധനങ്ങളുടെ മണമാണ് എന്നാണ്. പിന്നെ ബന്ധുവീടുകളിലേക്കുള്ള യാത്രയും. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞുള്ള അവധിയുമല്ലേ, അതുകൊണ്ട് പഠിക്കാന്‍ പറയില്ല ആരും.

കോളേജിലെക്ക് കടന്നപ്പോള്‍, ഡിസംബര്‍ ഒന്നിന്, എല്ലാകുട്ടികളുടേയും പേരെഴുതിയിട്ട ചെറിയ കുറുപ്പുകളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കും, ആ ആളറിയാതെ, ആ മാസം മുഴുവന്‍ ആ കുട്ടിയെ ക്രിസ്തുമസ് ഫ്രണ്ടായി കരുതി പ്രാര്‍ത്ഥിച്ച്, ക്രിസ്തുമസിന്റെ തലേദിവസം ചെറിയ സമ്മാനങ്ങളുമായി ചെന്ന് ആശംസകള്‍ അറിയിക്കും. അതൊക്കെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചിരുന്നു.

ഇന്നു ക്രിസ്തുമസിന്റെ മണം വീട്ടില്‍ വരാന്‍, കേക്ക് ബേയ്ക്ക് ചെയ്യുകയാണ് പതിവ്. അപ്പത്തിനും, ഇറച്ചികറിക്കുമൊന്നും ആ പഴയ സുഗ്ന്ധം ഇല്ലല്ലോ. മക്കളോട് നേരത്തേ ചോദിച്ചു വയ്ക്കും, എന്തു ഗിഫ്റ്റാണ് സാന്റാക്ലോസ് അപ്പച്ചന്‍ കൊണ്ടുവരേണ്ടത് എന്നു. പിന്നെ അവര്‍ പറയുന്ന സാധനം വാങ്ങി അവര്‍ ഉറങ്ങി കഴിയുമ്പോള്‍ ക്രിസ്തുമസ് ട്രീയുടെ അരുകില്‍ കൊണ്ടുവച്ച്, ചെറിയ സന്തോഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ വലുതായതാണോ, അതോ കാലവും ദേശവും മാറിയതാണോ എന്റെ ക്രിസ്തുമസിന്റെ മണം മാറാന്‍ കാരണം?

ഏല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.